"One Guru. One World. One Network."
മനുഷ്യനിൽ നിന്നും വികാസം പ്രാപിച്ച് ഈശ്വരാവസ്ഥയെന്ന മോക്ഷപദവിയുടെ അനുഭൂതി നേടുക എന്നതാണ് ഹൈന്ദവസംസ്കാരത്തിൽ ഏതൊരു വ്യക്തിയുടെയും ജീവിതലക്ഷ്യമായി കണക്കാക്കപ്പെട്ടിരുന്നത്. അതിനനുസൃതമായ ഒരു ജീവിതവ്യവസ്ഥയായിരുന്നു ഇവിടെ ആവിഷ്കരിക്കപ്പെട്ടിരുന്നതും. ഈ സനാതനധർമ്മ സത്യത്തിലൂന്നിയ ഗുരുവിന്റെ ജീവിതം തന്നെയാണ് അവിടുന്ന് ലോകത്തിന് നൽകിയ സന്ദേശവും. ശ്രീനാരായണഗുരുവെന്ന ഋഷിവര്യൻ തപസ്സിലൂടെ അറിഞ്ഞനുഭവിച്ച ബ്രഹ്മാനുഭൂതികൾ, 'ഗുരുദേവൻ' എന്ന കവിയിലൂടെ മലയാളം, തമിഴ്, സംസ്കൃതം എന്നീ ഭാഷകളിൽ സ്വയം വിരിഞ്ഞു വന്നവയാണ് അവിടുത്തെ കൃതികൾ.
യോഗിയും സ്ഥിതപ്രജ്ഞനുമായ ഗുരുവിനെ സംബന്ധിച്ചിടത്തോളം കവിയശസ്സ് എന്നത് വളരെ നിസ്സാരമായിട്ടായിരിക്കാം തോന്നിയിട്ടുണ്ടാവുക. അതുകൊണ്ടുതന്നെ, സമകാലികരായ മറ്റ് കവികൾ ചെയ്തിരുന്നതുപോലെ, തന്നിൽ ഉണരുന്ന കവിതകളെ ഒരു കൃതിയായി രൂപപ്പെടുത്താനോ പ്രസിദ്ധീകരിക്കാനോ ഉള്ള ശ്രമങ്ങളൊന്നും ഗുരുവിന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല. അന്ന് ഗുരുവിനൊപ്പം ഉണ്ടായിരുന്ന അനുയായികളും ഭക്തരും ശേഖരിച്ചുവെച്ചവയാണ് ഇന്ന് നമുക്ക് ലഭ്യമായിട്ടുള്ള ഗുരുദേവ വാങ്മയത്തിന്റെ സമാഹാരം. അങ്ങനെ ലഭിച്ചതിനേക്കാൾ എത്രയോ അധികം രചനകൾ എന്നെന്നേക്കുമായി നഷ്ടപ്പെട്ടുപോയിട്ടുണ്ടാകാനാണ് സാധ്യത ഏറെയും.
ഒന്നിലധികം ഭാഷകളിൽ ഒരേ സർഗ്ഗവൈഭവത്തോടെ ആത്മാവിഷ്കാരം നടത്തിയിട്ടുള്ള ഗുരുവിന്റെ, നിലവിൽ ലഭ്യമായിട്ടുള്ള ഈ വാങ്മയം മുഴുവൻ ചേർത്തടിച്ചാൽ ഇരുനൂറിൽപ്പരം പേജുകളേ വരൂ. എന്നാൽ, ഇത്രയും കുറഞ്ഞ കൃതികൾ കൊണ്ടുതന്നെ താൻ അതുല്യനായ ഒരു കവിത്വത്തിന്റെ ഉടമയായിരുന്നുവെന്ന് ചരിത്രത്തിൽ രേഖപ്പെടുത്താൻ ഗുരുവിന് സാധിച്ചു. ഇന്ന് മലയാളത്തിൽ ഇത്രയേറെ സജീവമായി വായിക്കപ്പെടുകയും ചർച്ച ചെയ്യപ്പെടുകയും ഗവേഷണ പ്രബന്ധങ്ങൾക്ക് വിഷയമാകുകയും ചെയ്യുന്ന മറ്റൊരു കവി വേറെയുണ്ടാകില്ല.
ഗുരുദേവ വാങ്മയം പഠിക്കുന്നവരിൽ ഭൂരിഭാഗവും, ജീവിതമാർഗ്ഗത്തിനായി മറ്റ് ഭൗതികശാസ്ത്രങ്ങൾ പഠിച്ച് അതിൽ വിജയിച്ചതിന് ശേഷം, ജീവിതത്തിന്റെ മധ്യഘട്ടത്തിലെത്തുമ്പോൾ ഗുരുവിനോടും ആധ്യാത്മികതയോടുമുള്ള താൽപ്പര്യം കാരണം പഠനത്തിന് മുതിരുന്നവരാണ്. സാധാരണക്കാരായ അവർക്ക് പലപ്പോഴും പുരാതന ഭാഷാശൈലിയെക്കുറിച്ചോ അതിലെ സാങ്കേതികത്വങ്ങളെക്കുറിച്ചോ ആഴത്തിലുള്ള അറിവുണ്ടാകണമെന്നില്ല. അതിനാൽ, അങ്ങനെയുള്ളവർക്ക് ലളിതമായി മനസ്സിലാക്കാൻ വേണ്ടി മാത്രമുള്ളതാണ് ഈ പ്രവേശിക. പണ്ഡിതോചിതമായ വ്യാഖ്യാനം ആവശ്യമുള്ളവർ, നിരവധി പണ്ഡിതന്മാർ ഈ വാങ്മയത്തിന് പലവിധത്തിൽ രചിച്ചിട്ടുള്ള പ്രശസ്തമായ വ്യാഖ്യാനങ്ങൾ എടുത്തു നോക്കണമെന്ന് അപേക്ഷിക്കുന്നു.