"One Guru. One World. One Network."
നമദ്ദേവവൃന്ദം ലസദ്വേദകന്ദം
ശിരഃശ്രീമദിന്ദും ശ്രിതശ്രീമുകുന്ദം
ബൃഹച്ചാരുശുണ്ഡം സ്തുതശ്രീസനന്ദം
ജടാഹീന്ദ്രകുന്ദം ഭജേഽഭീഷ്ടസന്ദം. 1
അർത്ഥം:
നമദ്ദേവവൃന്ദം = ദേവസമൂഹത്താൽ നമിക്കപ്പെടുന്നവനായ
ലസദ്വേദകന്ദം = വേദത്തിന്റെ മൂലമായി (കിഴങ്ങായി) വിലസുന്ന
ശിരഃശ്രീമദിന്ദും = ശിരസ്സിൽ (തലയിൽ) ശ്രീമത്തായ (ശോഭയുള്ള) ചന്ദ്രനോടു കൂടിയ
ശ്രിതശ്രീമുകുന്ദം = ശ്രീയുക്തനായ മുകുന്ദനാൽ ആശ്രയിക്കപ്പെടുന്ന (മുകുന്ദൻ = വിഷ്ണു. ശ്രീ = ലക്ഷ്മീദേവി)
ബൃഹച്ചാരുശുണ്ഡം = ബൃഹത്തും (വലുതും) മനോഹരവുമായ തുമ്പിക്കൈ ഉള്ള
സ്തുതശ്രീസനന്ദം = സനന്ദമഹർഷിയാൽ സ്തുതിക്കപ്പെട്ട
ജടാഹീന്ദ്രകുന്ദം = ജടയിൽ പാമ്പാകുന്ന മുല്ലമാലയുള്ള - നാഗഭൂഷണനായ
അഭീഷ്ടസന്ദം = ഭക്തന്മാർക്ക് അവരുടെ ഇഷ്ടം നൽകുന്ന
ഭജേ = ഞാൻ ഭജിക്കുന്നു, ഞാൻ സേവിക്കുന്നു
സാരം:
ദേവഗണങ്ങളാൽ വണങ്ങപ്പെടുന്നവനും, വേദങ്ങളുടെയെല്ലാം മൂലമായി ശോഭിക്കുന്നവനും, ശിരസ്സിൽ ചന്ദ്രക്കല അണിഞ്ഞവനും, ലക്ഷ്മീദേവിയോടുകൂടിയ മഹാവിഷ്ണുവിനാൽ ആശ്രയിക്കപ്പെടുന്നവനും, വലുതും മനോഹരവുമായ തുമ്പിക്കൈ ഉള്ളവനും, സനകമഹർഷിമാർ സ്തുതിക്കുന്നവനും, ജടയിൽ സർപ്പങ്ങളെ ആഭരണമായി ധരിച്ചവനും, ഭക്തർക്ക് അവരുടെ ആഗ്രഹങ്ങൾ നൽകുന്നവനുമായ വിനായകനെ (ഗണപതിയെ) ഞാൻ ഭജിക്കുന്നു
കിലദ്ദേവഗോത്രം കനദ്ധേമഗാത്രം
സദാനന്ദമാത്രം മഹാഭക്തമിത്രം
ശരച്ചന്ദ്രവക്ത്രം ത്രയീപൂതപാത്രം
സമസ്താർത്തിദാത്രം ഭജേ ശക്തിപുത്രം. 2
അർത്ഥം:
കിലദ്ദേവഗോത്രം = വിഹരിക്കുന്ന ദേവന്മാരുടെ വംശത്തിൽ പെട്ട
കനദ്ധേമഗാത്രം = തിളങ്ങുന്നതും സ്വർണമയവുമായ ശരീരത്തോടുകൂടിയ
സദാനന്ദമാത്രം = സത്തും ആനന്ദവും മാത്രമായ, അല്ലെങ്കിൽ എപ്പോഴും ആനന്ദം മാത്രമായി വർത്തിക്കുന്ന
മഹാഭക്തമിത്രം = വലിയ ഭക്തന്മാരുടെ സുഹൃത്തായ
ശരച്ചന്ദ്രവക്തം = ശരത്കാല ചന്ദ്രനെപ്പോലെ ശോഭിക്കുന്ന മുഖമുള്ള
ത്രയീപൂതപാത്രം = ഋക്, സാമം, യജുസ്സ് എന്നീ വേദങ്ങളുടെ പവിത്രമായ ഭാജനമായ (വേദങ്ങൾക്ക് ഇരിപ്പിടം എന്നർഥം)
സമസ്താർത്തിദാത്രം = എല്ലാ ആർത്തികളും മുറിച്ചുകളയുന്ന, ഭക്തന്മാരുടെ ദുഃഖം നശിപ്പിക്കുന്ന
ശക്തിപുത്രം = ശക്തിയുടെ (പാർവതിയുടെ) പുത്രനായ
ഭജേ = ഞാൻ ഭജിക്കുന്നു
സാരം:
ദേവന്മാരുടെ സമൂഹത്തിൽ വിഹരിക്കുന്നവനും, തിളങ്ങുന്ന സുവർണ്ണ ശരീരം ഉള്ളവനും, സത്തും ആനന്ദവും മാത്രം ആയവനും, മഹാഭക്തരുടെ ഉറ്റ സുഹൃത്തായവനും, ശരത്കാല ചന്ദ്രനെപ്പോലെ ശോഭിക്കുന്ന മുഖമുള്ളവനും, വേദങ്ങളുടെ പാവനമായ നിലയം ആയവനും, സകല ദുഃഖങ്ങളെയും ആർത്തികളെയും അകറ്റുന്നവനും ആയ ശക്തിപുത്രനെ ഞാൻ ആരാധിക്കുന്നു.
ഗളദ്ദാനമാലം ചലദ്ഭോഗിമാലം
ഗളാംഭോദകാലം സദാ ദാനശീലം
സുരാരാതികാലം മഹേശാത്മബാലം
ലസത്പുണ്ഡ്രഫാലം ഭജേ ലോകമൂലം. 3
അർത്ഥം:
ഗളദ്ദാനമാലം = തുടർച്ചയായി ഒഴുകുന്ന മദജലത്തോടുകൂടിയ
ചലദ്ഭോഗിമാലം = ഇളകുന്ന പാമ്പാകുന്ന മാലയോടു കൂടിയ
ഗളാംഭോദകാലം = കഴുത്തിൽ മേഘം പോലെ കറുത്ത നിറമുള്ള
സദാ ദാനശീലം = എപ്പോഴും ദാനം ചെയ്യുക ശീലമായ
സുരാരാതികാലം = ദേവന്മാരുടെ ശത്രുക്കൾക്ക് കാലനായ
മഹേശാത്മബാലം = ശിവന്റെ ഔരസ പുത്രനായ
ലസത്പുണ്ഡ്രഫാലം = നെറ്റിയിൽ വിളങ്ങുന്ന പുണ്ഡ്രത്തോടുകൂടിയ (പുണ്ഡ്രം = മൂന്നു വരയായി പൂശുന്ന ഭസ്മക്കുറി)
ലോകമൂലം = ലോകത്തിനു കാരണമായ
ഭജേ = ഞാൻ സേവിക്കുന്നു
സാരം:
മദജലം നിരന്തരം ഒഴുകുന്നവനും, ചലിക്കുന്ന സർപ്പമാല്യം അണിഞ്ഞവനും, മേഘം പോലെ കറുത്ത കഴുത്തോടു കൂടിയവനും, സദാ ദാനം ചെയ്യുന്നവനും (വരദനും), ദേവശത്രുക്കളെ നശിപ്പിക്കുന്നവനും, പരമശിവന്റെ പുത്രനും, തിളങ്ങുന്ന ഭസ്മക്കുറിയുള്ള നെറ്റിത്തടത്തോടുകൂടിയവനും, സർവ്വലോകത്തിനും കാരണഭൂതനുമായ വിനായകനെ ഞാൻ നമസ്കരിക്കുന്നു.
ഉരസ്താരഹാരം ശരച്ചന്ദ്രഹീരം
സുരശ്രീവിചാരം ഹൃതാർത്താരിഭാരം
കടേ ദാനപൂരം ജടാഭോഗിപൂരം
കലാബിന്ദുതാരം ഭജേ ശൈവവീരം. 4
അർത്ഥം:
ഉരസ്താരഹാരം = മാറിടത്തിൽ ശോഭിക്കുന്ന മുത്തുമാലയുള്ള
ശരച്ചന്ദ്രഹീരം = ശരത്കാല ചന്ദ്രനാകുന്ന ഹീരത്തോടു കൂടിയ (ഹീരം = രത്നം)
സുരശ്രീവിചാരം = ദേവന്മാരുടെ ഐശ്വര്യത്തെപ്പറ്റി വിചാരമുള്ള
ഹൃതാർത്താരിഭാരം = ആർത്തന്മാർക്ക് ശത്രുക്കൾ മൂലമുണ്ടാകുന്ന ഭാരം നശിപ്പിക്കുന്ന
കടേ ദാനപൂരം = മസ്തകത്തിൽ മദജലം നിറഞ്ഞിരിക്കുന്ന
ജടാഭോഗിപൂരം = ജടയിൽ നിറച്ചു സർപ്പങ്ങൾ അണിഞ്ഞിട്ടുള്ള
കലാബിന്ദുതാരം = കലാബിന്ദുവാകുന്ന നക്ഷത്രത്തോടു കൂടിയ (ആനയുടെ മസ്തകത്തിലെ വെളുത്ത പുള്ളിയാണ് കലാബിന്ദു. താരം = പ്രണവം, ഓങ്കാരം)
ശൈവവീരം = ശിവന്റെ വീരസൂനു അല്ലെങ്കിൽ ശൈവന്മാരിൽ വീരൻ
ഭജേ = ഞാൻ ഭജിക്കുന്നു
സാരം:
മാറിൽ തിളങ്ങുന്ന മുത്തുമാലയുള്ളവനും ശിരസ്സിൽ ശരച്ചന്ദ്രനാകുന്ന രത്നമണിഞ്ഞവനും ദേവന്മാരുടെ ഐശ്വര്യത്തെക്കുറിച്ചു ചിന്തിക്കുന്നവനും ശത്രുക്കൾ മൂലം ഭക്തന്മാർക്കുണ്ടാകുന്ന ആർത്തി തീർത്തുകൊടുക്കുന്നവനും കവിൾത്തടത്തിൽ മദജലം ഒഴുകുന്നവനും ജട നിറയെ സർപ്പങ്ങൾ അണിഞ്ഞവനും കലാബിന്ദുവാകുന്ന താരത്തോടു കൂടിയവനും ശൈവവീരനുമായ ഗണേശനെ ഞാൻ ഭജിക്കുന്നു.
കരാരൂഢമോക്ഷം വിപദ്ഭങ്ഗദക്ഷം
ചലസ്സാരസാക്ഷം പരാശക്തിപക്ഷം
ശ്രിതാമർത്ത്യവൃക്ഷം സുരാരിദ്രുതക്ഷം
പരാനന്ദപക്ഷം ഭജേ ശ്രീശിവാക്ഷം. 5
അർത്ഥം:
കരാരൂഢമോക്ഷം = കൈയിൽ മോക്ഷം ഏന്തുന്ന
വിപദ്ഭംഗദക്ഷം = ആപത്ത് നശിപ്പിക്കാൻ സമർഥനായ
ചലത്സാരസാക്ഷം = ഇളകുന്ന താമരപോലുള്ള കണ്ണോടുകൂടിയ
പരാശക്തിപക്ഷം = പരാശക്തിയുടെ പക്ഷത്തുള്ളവൻ
ശ്രിതാമർത്ത്യവൃക്ഷം = ആശ്രയിക്കുന്നവർക്ക് കല്പവൃക്ഷം പോലെ എന്തും കൊടുക്കുന്ന
സുരാരിദ്രുതക്ഷം = അസുരന്മാരാകുന്ന മരം മുറിച്ചുകളയുന്ന
പരാനന്ദപക്ഷം = പരമമായ ആനന്ദത്തിന്റെ പക്ഷത്തിരിക്കുന്ന
ശ്രീശിവാക്ഷം = ഐശ്വര്യവും മംഗളവും ചേർന്ന കണ്ണോടുകൂടിയ
ഭജേ = ഞാൻ ഭജിക്കുന്നു
സാരം:
കരങ്ങളിൽ മോക്ഷത്തെ വഹിക്കുന്നവനും, ഭക്തരുടെ ആപത്തുകൾ സംഹരിക്കാൻ കഴിവുള്ളവനും, ചലിക്കുന്ന താമരദളങ്ങൾ പോലെ മനോഹരമായ കണ്ണുകളുള്ളവനും, പാർവതിയോട് സ്നേഹമുള്ളവനും (അല്ലെങ്കിൽ പാർവതീദേവിയെ സ്നേഹിക്കുന്നവനും), തന്നെ ആശ്രയിക്കുന്നവർക്ക് കല്പവൃക്ഷം പോലെ സകലതും നൽകുന്നവനും, ദേവശത്രുക്കളാകുന്ന മരങ്ങളെ വെട്ടിമാറ്റുന്നവനും, പരമാനന്ദത്തിന്റെ രൂപമായി നിലകൊള്ളുന്നവനും, ഐശ്വര്യവും മംഗളവും നിറഞ്ഞ തിരുക്കണ്ണുകളുള്ളവനുമായ ആ ദേവനെ ഞാൻ വണങ്ങുന്നു.
സദാശം സുരേശം സദാ പാതുമീശം
നിദാനോദ്ഭവം ശാങ്കരപ്രേമകോശം
ധൃതശ്രീനിശേശം ലസദ്ദന്തകോശം
ചലച്ഛൂലപാശം ഭജേ കൃത്തപാശം. 6
അർത്ഥം:
സദാശം = എപ്പോഴും ഭക്ഷിക്കുന്ന, സദാ (എപ്പോഴും) ശം (സുഖം) തന്നെയായ
സുരേശം = ദേവന്മാരുടെ നായകനായ
സദാ പാതുമീശം = എപ്പോഴും രക്ഷിക്കുവാൻ സമർഥനായ
നിദാനോദ്ഭവം = ആദികാരണത്തിനും കാരണമായ
ശാങ്കരപ്രേമകോശം = ശിവന്റെ പ്രേമത്തിന് ഇരിപ്പിടമായ
ധൃതശ്രീനിശേശം = ചന്ദ്രനെയും ഐശ്വര്യത്തെയും ധരിക്കുന്ന
ലസദ്ദന്തകോശം = വിളങ്ങുന്ന കൊമ്പാകുന്ന മൊട്ടോടു കൂടിയവൻ
ചലച്ഛൂലപാശം = ഇളകുന്ന ശൂലത്തോടും പാശത്തോടും കൂടിയവൻ
കൃത്തപാശം = പാശം മുറിച്ചവൻ, സംസാരബന്ധം മുറിച്ചവൻ
സാരം:
സദാശിവരൂപിയായ ദേവനും, ദേവന്മാരുടെ ഈശ്വരനും, ഏതുനേരത്തും ഭക്തരെ രക്ഷിക്കാൻ ശക്തിയുള്ളവനും, ആദികാരണത്തിന്റെ ഉത്ഭവസ്ഥാനവും, പാർവതീപരമേശ്വരന്മാരുടെ പ്രണയത്തിന് ഇരിപ്പിടമായവനും, ചന്ദ്രനെയും ശ്രീയെയും (ഐശ്വര്യം/ലക്ഷ്മി) ധരിക്കുന്നവനും, ശോഭയുള്ള ദന്തങ്ങൾ ഉള്ളവനും, ഭക്തരക്ഷയ്ക്കായി ശൂലവും പാശവും ചലിപ്പിക്കുന്നവനും, (ജീവജാലങ്ങളുടെ) സംസാരബന്ധങ്ങളെ മുറിച്ചുകളയുന്നവനും ആയ പരമദൈവത്തെ ഞാൻ ആരാധിക്കുന്നു.
തതാനേകസന്തം സദാ ദാനവന്തം
ബുധശ്രീകരന്തം ഗജാസ്യം വിഭാന്തം
കരാത്മീയദന്തം ത്രിലോകൈകവൃന്തം
സുമന്ദം പരന്തം ഭജേഽഹം ഭവന്തം. 7
അർത്ഥം:
തതാനേകസന്തം = അനേകം സജ്ജനങ്ങളാൽ ചുറ്റപ്പെട്ട
സദാ ദാനവന്തം = എപ്പോഴും ദാനം ചെയ്യുന്ന, എപ്പോഴും മദജലം ഒഴുക്കുന്ന
ബുധശ്രീകരന്തം = പണ്ഡിതന്മാർക്ക് ഐശ്വര്യം ഉണ്ടാക്കുന്ന
ഗജാസ്യം വിഭാന്തം = ഗജമുഖനും ശോഭിക്കുന്നവനും
കരാത്മീയദന്തം = കൈയിൽ സ്വന്തം കൊമ്പുള്ള
ത്രിലോകൈകവൃന്തം = മൂന്നു ലോകത്തിനും ഒരേ ഒരു ഞെട്ട് ആയ (അവലംബമായ)
സുമന്ദം = സൗമ്യനായ, മന്ദഗാമിയായ
പരം തം ഭവന്തം = പരനായ അങ്ങയെ
അഹം ഭജേ = ഞാൻ ഭജിക്കുന്നു
സാരം:
അനേകം സജ്ജനങ്ങളാൽ ചുറ്റപ്പെട്ടവനും, എപ്പോഴും അനുഗ്രഹം നൽകുന്നവനും (സദാ ദാനം ചെയ്യുന്നവനും), ജ്ഞാനികൾക്ക് ഐശ്വര്യം ഉണ്ടാക്കുന്നവനും, ഗജമുഖനും (ആനയുടെ മുഖമുള്ളവനും), പ്രകാശപൂർണ്ണനും (ശോഭയുള്ളവനും), തന്റെ കൊമ്പ് കയ്യിലേന്തിയവനും, മൂന്നു ലോകത്തിനും ഏക ആശ്രയമായവനും, അത്യന്തം സൗമ്യനും പരമമായ സത്യസ്വരൂപനുമായ അങ്ങയെ ഞാൻ ആരാധിക്കുന്നു.
ശിവപ്രേമപിണ്ഡം പരം സ്വർണ്ണവർണ്ണം
ലസദ്ദന്തഖണ്ഡം സദാനന്ദപൂർണ്ണം
വിവർണ്ണപ്രഭാസ്യം ധൃതസ്വർണ്ണഭാണ്ഡം
ചലച്ചാരുശുണ്ഡം ഭജേ ദന്തിതുണ്ഡം. 8
അർത്ഥം:
ശിവപ്രേമപിണ്ഡം = ശിവന്റെ പ്രേമം പിണ്ഡീഭവിച്ചപോലുള്ള
പരം സ്വർണവർണം = പരമനായ, സ്വർണത്തിന്റെ നിറമുള്ള
ലസദ്ദന്തഖണ്ഡം = വിലസുന്ന ദന്തശകലത്തോടു കൂടിയ
സദാനന്ദപൂർണം = സത്ത്, ആനന്ദം എന്നിവയാൽ പൂർണനായ
വിവർണപ്രഭാസ്യം = വിളർത്ത ശോഭ ചേർന്ന മുഖമുള്ള
ധൃതസ്വർണഭാണ്ഡം = സ്വർണഭാണ്ഡം ധരിക്കുന്ന
ചലച്ചാരുശുണ്ഡം = ഇളകുന്ന മനോഹരമായ തുമ്പികൈയ്യുള്ളവനും;
ഛലച്ചോരിശുണ്ഡം = ഛലത്തായവരെ ചോരണം ചെയ്യുന്ന ശുണ്ഡയുള്ള (വഞ്ചകരെ നശിപ്പിക്കാൻ പോന്ന തുമ്പിക്കൈയുള്ള)
ദന്തിതുണ്ഡം = ആനയുടെ മുഖത്തോടു കൂടിയ
ഭജേ = ഞാൻ ഭജിക്കുന്നു
( ചലച്ചാരുശുണ്ഡം എന്നും ഛലച്ചോരിശുണ്ഡം എന്നും ചില കൃതികളിൽ കാണുന്നു അതുകൊണ്ടാണ് രണ്ടു അർത്ഥങ്ങളും ഇവിടെ കൊടുത്തിട്ടുള്ളത് )
സാരം:
പരമശിവന്റെ പ്രേമത്തിന്റെ സാരമായവനും, ശ്രേഷ്ഠമായ സുവർണ്ണ വർണ്ണത്തോടുകൂടിയവനും, സത്തും ആനന്ദവും കൊണ്ട് പൂർണ്ണനായവനും, ശോഭയുള്ള മുഖമുള്ളവനും, സ്വർണ്ണഭാണ്ഡം കൈയ്യിലേന്തിയവനും, തെറ്റിനടക്കുന്നവരെ ശിക്ഷിക്കുന്നവനും, കൊമ്പുള്ള തുമ്പിക്കൈ (ദന്തിതുണ്ഡം) ഉള്ളവനുമായ ആ വിനായകനെ ഞാൻ ഭജിക്കുന്നു.